Feb 18, 2010

ഒരു റാഗിങ്ങിന്റെ കഥ

ഇന്നലെ വിനോദ് ചേട്ടന്റെ ഫോണ്‍ വന്നു.
എന്നെ ഒരുപാടൊരുപാട് ഓര്‍മകളിലേക്ക് മടക്കിക്കൊണ്ടു പോയി ആ ഫോണ്‍ കാള്‍.
..................................................................................................................................................................................
വൈദ്യം പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍.........സോറി, എന്റെ സ്വന്തം വൈദ്യ വിദ്യാലയത്തില്‍.
കോളേജില്‍ എത്തുന്നതിനു മുന്‍പ് തന്നെ റാഗിങ്ങിനെ കുറിച്ചുള്ള ഭീകര കഥകള്‍ കേട്ട് തുടങ്ങിയിരുന്നു.
പിന്ന്‍ ക്ലോസെറ്റില്‍ ഇട്ടിട്ട് അത് നാവുകൊണ്ട് എടുപ്പിക്കുക,പല്ല് തേക്കുന്ന ബ്രഷ് കൊണ്ട് വാഷ്ബേസിന്‍ കഴുകിപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികള്‍ ആണെന്ന് കേള്‍ക്കുന്നു.
കോളേജിലെ ആദ്യ ദിനം.
അധ്യാപകരുടെ വക ഘോര ഘോരം ഉപദേശങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഒന്നും ആരുടെയും തലയില്‍ കയറുന്നില്ല.എല്ലാവരുടെയും മനസ്സില്‍ ഒരു ചോദ്യം മാത്രം
"മേരാ നമ്പര്‍ കബ് ആയേഗാ?"
എനിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.തൊട്ടടുത്ത ദിവസം തന്നെ മേരാ നമ്പര്‍ ആ ഗയാ...........
.........................................................
രംഗം അനാട്ടമി ലാബ്‌ .
ഭീകരന്മാരായ കുറച്ച ചേട്ടന്മാരും ഒന്നുരണ്ട് ചേച്ചി മാരും.അഭിമുഖമായി,ഞങ്ങള്‍ കുറച്ച ജൂനിയര്‍ പയലുകള്‍.
എനിക്കാണെങ്കില്‍ അടുത്ത് നില്‍ക്കുന്നവളുടെ പേര് പോലും അറിയില്ല,എന്നിട്ടും ആജീവനാന്ത സുഹൃത്തുക്കള്‍ എന്നമട്ടില്‍ കൈകോര്‍ത്തു പിടിച്ചാണ് നില്പ്.
"നീയിങ്ങു വാ....." ഒരു ചേട്ടന്‍.
ഈശ്വരാ ........ആ ചേട്ടന് കോങ്കണ്ണ്‍ ആയിരിക്കേണമേ........ഞാന്‍ പ്രാര്‍ത്ഥിച്ചു.
"ഇവിടെ വാടീ............."ചേട്ടന്‍ ഗര്‍ജിച്ചു
കോങ്കണ്ണ്‍ ഒന്നും അല്ല .എന്നെ തന്നെ.......
ഞാന്‍ അടുത്ത നിന്നവളുടെ കയ്യിലെ പിടി വിട്ടു.ഒരു സ്വപ്നത്തില്‍ എന്നവണ്ണം മുന്നോട്ട് നടന്നു..
"നീയരാന്നാടീ നിന്റെ വിചാരം?"
ഞാന്‍ മൗനം.
"നിനക്ക് കൊളുത്ത് ഒണ്ടോടീ.....?"
അയ്യേ ........വൃത്തികെട്ടവന്‍.....ഞാന്‍ മനസ്സില്‍ പറഞ്ഞു.
"ഡീ പറയെടീ,ഒണ്ടോടീ കൊളുത്ത്?"
ഈശ്വരാ ........ഇതിക്കെ എങ്ങനെ പറയും............
"നിന്റെ വായില്‍ നാക്കില്ലിയോടീ.....പറയെടീ........"
"ഒ........ഒ........ഒണ്ട് .ഞാന്‍ വിക്കി .
"ഓഹോ ..........മൊട്ടേന്നു വിരിഞ്ഞില്ലല്ലോടീ,എവിടുന്നു ഒപ്പിച്ചു?
ഞാന്‍ മൗനം
"അവന്റെ പേര് എന്തുവാടീ....?എത്ര നാളായെടീ തോടങ്ങിയെട്ട്?"
അയ്യോ.......ഇതാണോ ഉദേശിച്ചത്.............പാവം ചേട്ടന്‍ ഞാന്‍ തെറ്റിദ്ധരിച്ചു.
"ഇ ........ഇ.........ഇല്ല."ഞാന്‍.
"കള്ളം പറയുന്നോടീ ഡാഷേ..........."
"സത്യമായിട്ടും ഇല്ല."എനിക്ക് കരച്ചില്‍ തൊണ്ടയില്‍ എത്തി.
ഡാഷ് എന്ന വാക്കിനോളം വൃത്തികെട്ട യാതൊന്നും ഞാന്‍ അന്നേവരെ കേട്ടിട്ടില്ല എന്ന് തോന്നി.വൃതികെടിന്റെ അനന്തസാധ്യതകളിലേക്ക് തുറന്നു വച്ച ഒരു ഡാഷ്.......
എന്റെ കണ്ണൊക്കെ നിറഞ്ഞു.
"ന്നാ മോള്‍ വാ.......മോക്ക് പറ്റിയ ഒരാളെ ചേട്ടന്‍ കാണിച്ചു തരാം."
ചേട്ടന്‍ ലാബിന്റെ ഒരു അറ്റത്തേക്ക് നടന്നു.
ഞാന്‍ ചുറ്റും നോക്കി.എല്ലാവരും ഓരോ സീനിയറിന്റെ മുന്നില്‍ പൊരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഞാന്‍ ചേട്ടന്റെ പിന്നാലെ നടന്നു.
ഒരു ടേബിളില്‍ പ്ലാസ്റ്റിക്‌ ഷീറ്റിന്റെ താഴെ ഒരു cadaver ........(അനാട്ടമി പഠനത്തിനു ഉപയോഗിക്കുന്ന ശവ ശരീരം.)
"കാലില്‍ തൊട്ടു നമസ്കരിക്കെടീ....."
എന്റെ മുന്നില്‍ കറുത്ത് ചുക്കിച്ചുളിഞ്ഞ തൊലിയും ആറടി നീളവും ഉള്ള ഒരു അതികായന്റെ നഗ്ന ശരീരം നിവര്‍ന്നു കിടക്കുന്നു.അന്തരീക്ഷത്തില്‍ ഫോര്‍മാലിന്റെ രൂക്ഷ ഗന്ധം.
എനിക്ക് നാണം,തലചുറ്റല്‍ ,കണ്ണില്‍ ഇരുട്ട് കയറല്‍, കരച്ചില്‍ ,ഇതെല്ലാം ഒരുമിച്ചു വരുന്ന പോലെ ഒരു തോന്നല്‍.
"കാലില്‍ തിറ്റ് തോഴടീ..........."
എനിക്കതിന്റെ കാലില്‍ പോയിട്ട് രോമത്തില്‍ പോലും തൊടാനുള്ള ധൈര്യം ഇല്ല.
"അല്ലെങ്കി വേണ്ട മോള് അതിനൊരു ഉമ്മ കൊട്......"
ഞാന്‍ ചേട്ടനെ തുറിച് നോക്കി.
"കൊട്രീ ഉമ്മ "
ഞാന്‍ കരഞ്ഞു തുടങ്ങി.............കണ്ണീരു മാത്രം............നോ sound effects .
"നിന്ന് മോങ്ങുന്നോടീ.....കൊട്രീ ഉമ്മ......"
"പോടാ പട്ടീ........"
ചേട്ടന്‍ ഞെട്ടി തരിച് എന്റെ മുഖത്തേക്ക് നോക്കി.
ഞാനും ഞെട്ടിപ്പോയി.(ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാന്‍ വിളിച്ച തെറിയാണ് അത്.അതെങ്ങനെ എന്റെ നാവില്‍ വന്നെന്നു ഇന്നും എനിക്കറിയില്ല.അതും കോളേജില്‍ കാലുകുത്തിയതിന്റെ രണ്ടാം ദിവസം........എണ്ണം പറഞ്ഞൊരു സീനിയറിന്റെ മുഖത്ത് നോക്കി............എന്നെ പോലൊരു ഊത്ത ജൂനിയര്‍.............)
അടുത്ത നിമിഷം ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി............വിത്ത്‌ sound effects .
ചെറിയ കരച്ചില്‍ ഒന്നും അല്ല,ആസ്ത്മ കൂടി ഊര്‍ദ്ധന്‍ വലിക്കുന്നതിനേക്കാള്‍ വലിയ ഏങ്ങല്‍ അടിയോടു കൂടിയത്.
(ഇന്നും എനിക്ക് മനസിലാകാത്ത മറ്റൊരു സംഗതിയാണ് അത്.എന്തിനു അങ്ങനെ കരഞ്ഞുവെന്നത്.....)
മറ്റുള്ള സീനിയേഴ്സ് ഒക്കെ അടുത്ത് കൂടി.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച് ആര്‍ക്കും ഒരു ഊഹവും ഇല്ല.
"അവള്‍ അവന്റെ കയ്യീന്ന് തട്ട് മേടിച്ചു കാണും" എന്നൊരാള്‍.
"നീ അവളെ തല്ലിയോടാ......?" എന്നൊരാള്‍ ചേട്ടനോട് .
ചേട്ടന്‍ എന്റെ മുഖത്തേക്ക് തുറിച് നോക്കുന്നതല്ലാതെ മിണ്ടുന്നില്ല.
എന്റെ കരച്ചിലിന്റെ ശക്തി കൂടി.കരഞ്ഞു കരഞ്ഞു ശ്വാസം കിട്ടാതായി.ഒരു മാതിരി ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ട സ്ഥിതിയായി.
സീനിയേഴ്സിന്റെ മുഖത്ത് ചെറിയ പരിഭ്രമം.
ഒരു ചേച്ചി പതുക്കെ അടുത്ത് വന്നു.
"പോട്ടെ മോളെ,അവന്‍ തല്ലിയോ?"എന്ന് ചോദിച്ചു.
ഞാന്‍ ചേച്ചിയെ കെട്ടിപ്പിടിച് കരയാന്‍ തുടങ്ങി.
ചേട്ടന്‍ പെട്ടെന്ന് പുറത്ത് ഇറങ്ങി പോയി.ബാക്കിയുള്ള സീനിയേഴ്സും പുറകെ പോയി.
എന്റെ ക്ലാസ്സില്‍ ഉള്ളവര്‍ എന്റെ ചുറ്റും കൂടി.
"ശരിക്കും നിന്നെ അടിച്ചോ?,എന്തിനാ അടിച്ചത്?"എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി.
...................................................................................................................................................................................
തുടര്‍ന്നു ഒരു മാസത്തോളം അവിടെ റാഗിംഗ് മഹാമഹം കൊണ്ടാടി.
പക്ഷേ ആ സംഭവത്തിന്‌ ശേഷം എന്നെ ആരും റാഗ് ചെയ്തില്ല.എന്നെ കാണുമ്പോഴേ
"അവളെ വിട്ടേരെ ,അവള്‍ക് വിനോദിന്റെ കയ്യീന്ന് ആവശ്യത്തിനു കിട്ടിയതാ......" എന്ന് പറയും.
കിട്ടിയതും കൊടുത്തതും എന്താണ് എന്നും ആര്‍ക്കാണ് എന്നും അറിയുന്നവര്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം.
അതിനു ശേഷം ഒരേ കോളേജില്‍ ഒരുമിച്ച് അഞ്ചര വര്‍ഷം.........പക്ഷേ, ഒരുതവണ പോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല.
....................................................................................................................................................................................................
ഇന്നലെ എന്നെ വിനോദ് ചേട്ടന്‍ വിളിച്ചിരുന്നു.
എവിടുന്നോ നമ്പര്‍ തപ്പിയെടുത്ത്‌ വിളിച്ചതാണ്.
ചേട്ടന്റെ കല്യാണം.ചേട്ടന്റെ ക്ലാസ്സില്‍ തന്നെ പഠിച്ച സാധിക ചേച്ചിയെ .
വരാന്‍ പറ്റില്ലെന്നും,എന്റെ എല്ലാ ആശംസകളും ഉണ്ടാവും എന്നും പറഞ്ഞു വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍
ചേട്ടന്‍ പറഞ്ഞു, "അവള്‍ക്ക് അറിയാം............."
"??".ഞാന്‍ .
"നമ്മുടെ പഴേ രഹസ്യം.............,അന്നേ അറിയാം.ഈ ലോകത്ത് അവളോട് മാത്രമേ പറഞ്ഞിട്ടുള്ളൂ."
ഞാന്‍ മെല്ലെ ചിരിച്ചു..........ചേട്ടനും..............

Feb 11, 2010

അവന് അമ്മ

അവന് അമ്മ

മഴയത്ത് അച്ഛന്‍ വരാഞ്ഞപ്പോള്‍
തകരവാതിലിന്റെ സാക്ഷയായിരുന്നു,
മേല്കൂരയിലെ ഓട്ടയ്ക്കുതാഴെ
ചളുങ്ങിയ അലുമിനിയം പാത്രവും .

പനിച്ചപ്പോള്‍
നെറ്റിയിലൊരു നനഞ്ഞ തുണിയായിരുന്നു,
പാതിരാത്രിയും കിടയ്ക്കക്കരുകിലെ
തുറന്ന കണ്ണും .

പഠിയ്ക്കുമ്പോള്‍
പ്രോഗ്രസ്കാര്‍ഡിന് ചുവട്ടിലെ ഒപ്പായിരുന്നു,
ക്ലാസ് ടീച്ചറിനു മുന്നിലെ
കുനിഞ്ഞ തലയും.

വിശന്നപ്പോള്‍
അടുപ്പത്തൊരു കപ്പക്കലമായിരുന്നു,
കഞ്ഞിപ്പാത്രത്തിലെ
മുളകുപപ്പടവും.

പിന്നെയാരാണ്,
താരാട്ടിന്റെ ഈണത്തിലും
പാലിന്റെ മധുരത്തിലും
അമ്മയെ ഓര്‍ത്തു വച്ചത് ?
.

Feb 9, 2010

എനിയ്ക്കും ഒരിടം .

............
ഇനി എനിയ്ക്കും ഒരിടം.
ഈ ആകാശത്ത്, ഏകയായി ഒരു താരം കൂടി ....
ഞാന്‍ ,എകതാര